പത്തുവയസ്സുകാരന്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു... പരീക്ഷയില്‍ തോറ്റ നിരാശയില്‍ +2 വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു... 16 വയസുകാരനില്‍ നിന്നും കഞ്ചാവ് പിടിച്ചു... മോഷണം നടത്തി.... തുടങ്ങി അനവധി വാര്‍ത്തകളാണ് ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതുകൂടാതെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ 13 വയസുമുതലുള്ളവര്‍ മദ്യപാനശീലം ആരംഭിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു അടുത്ത കാലത്ത് നമ്മള്‍ വായിച്ച ചില വാര്‍ത്തകളുടെ തലക്കെട്ടുകളാണിവ.. കൗമാരപ്രായക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റക്യത്യ വാസനകളും, പെരുമാറ്റ വൈകല്യങ്ങളും, മാനസിക വ്യതിയാനങ്ങളും പൊതുസമൂഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചുവരികയാണ്. സാങ്കേതിക വിദ്യകളുടെയും സമൂഹ മാധ്യമങ്ങളുടെയും ഉപയോഗത്തിന്‍റെ മാസമരിക വലയത്തില്‍പെട്ട് വഴിതെറ്റിപോകുന്ന കൗമാരപ്രായക്കാരെ ഏതുവിധേന നേരയാക്കാം എന്ന മനോവ്യാധിയിലാണ് ഇന്നത്തെ ഭൂരിപക്ഷം മാതാപിതാക്കളും അദ്ധ്യപകരും.
10 മുതല്‍ 19 വയസ്സുവരെയാണ് കൗമാരപ്രായ കാലഘട്ടമെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നുണ്ടെങ്കിലും പലരിലും പക്വതയുടെ തിരിനാളം കാണുന്നത് 22 വയസിനു ശേഷമാണ്. ശാരീരികവും, വൈകാരികവും, സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന അനുഭവങ്ങള്‍ അവന്‍റെ മാനസികാവസ്ഥയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നവയാണ്. ഈ ഘട്ടത്തില്‍ ശക്തവും വ്യക്തവുമായ കൗമാര വിദ്യാഭ്യാസം അഥവ ലൈഫ് സ്കില്‍ ട്രെനിംങ് അഥവാ ജീവിത നൈപുണ്യ പരിശീലനം നല്‍കണമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിഷ്കര്‍ഷിക്കുന്നത്. എങ്കിലും ലോകത്തെ ഏത് രാജ്യത്തെ ആളുകളെ എടുത്തുനോക്കിയാലും ഈ കൗമാര പ്രായക്കാരായിരിക്കും ഏറ്റവും കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ വരുത്തിവെക്കുന്നത്. ശാരീരിക വളര്‍ച്ചക്കും വയസ്സിനും ആനുപാതികമായ മാനസിക വളര്‍ച്ചയും പക്വതയും കൈവരിക്കുന്നതിലെ കാലതാമസമാണിതിന് കാരണം. എന്നാല്‍ പ്രക്യതി മനുഷ്യന്‍റെ കൗമാരകാലഘട്ടത്തിലെ വികസനം അല്‍പം വികലമായിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്താനും.
ജീവിതത്തിലെ പ്രയാസം നിറഞ്ഞതും പുതുമയാര്‍ന്നതുമായ സാഹചാര്യങ്ങളെ തരണം ചെയ്യുവാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന കഴിവുകളെയാണ് ലൈഫ് സ്കില്‍സ് ട്രൈനിംങ് അഥവാ ജീവിത നൈപുണ്യ പരിശീലനം എന്ന പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത്. ഇതിനായി ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ചിരിക്കുന്ന താഴെപറയുന്ന പ്രകാരമുള്ള പാഠ്യപാദ്ധ്യതി ക്യത്യമായി നടപ്പിലാക്കണം.
സ്വയാവബോധ
വ്യക്തിബന്ധ വികസനശേഷി
സര്‍ഗ്ഗാത്മ ചിന്ത
ഗുണദോഷയുക്തി വിചാരം
തന്‍മയീഭാവം
തീരുമാനമെടുക്കല്‍
ആശയ വിനിമയ ശേഷി
വൈകാരിക നിയന്ത്രണം
സാമൂഹിക സംസാകരിക സമ്മര്‍ദ്ദ നിയന്ത്രണ ശേഷി
ശാരീരിക വളര്‍ച്ച
ലൈംഗീക വിദ്യാഭ്യാസം
ധാര്‍മ്മികത
സ്വന്തം ആശയങ്ങള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, തോന്നലുകള്‍ തുടങ്ങിയവ വാക്കുകളിലൂടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള കഴിവാണ് ആശയവിനിമയ ശേഷി.. അടുത്തു പെരുമാറുന്ന മാതാപിതാക്കള്‍, അദ്ധ്യാപകര്‍, സുഹ്യത്തുക്കള്‍ ഇവരോട്െ ഉചിതമായ വ്യക്തിബന്ധം സ്ഥാപിച്ചെടുക്കാനുള്ള കഴിവാണ് വ്യക്തിബന്ധ വികസന ശേഷി എന്നുപറയുന്നത്.
വ്യക്തിക്ക് സ്വന്തം കഴിവുകളും കഴിവുകേടുകളും തിരിച്ചറിയാനുള്ള കഴിവിനെ സ്വായാവബോധമെന്നും, മറ്റൊരാളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍കൊണ്ട് യോജിച്ച രീതിയില്‍ പ്രതികരിക്കാനുള്ള കഴിവിനെ തന്‍മയിഭാവം എന്നു പറയുന്നു. പ്രത്യാഘാതങ്ങളെയും സാദ്ധ്യതകളെയും വിശദമായി മനസിലാക്കിയിട്ട് പൂര്‍ണ്ണ ഉത്തരവാദിത്തോടെ തീരുമാനമെടുക്കാനുള്ള കഴിവിനെ ഡിസിഷന്‍ മേക്കിങ് പവര്‍ എന്നുപറയുന്നു. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളെ മനസിലാക്കി ഏറ്റവും ഉചിതമായ വിധം പരിഹരിക്കുന്ന ശൈലിയെ പ്രശ്നപരിഹാര ശേഷിയെന്നു അറിയപ്പെടുന്നു.
യുക്തിപൂര്‍വ്വം സാഹചര്യങ്ങളെ തരണം ചെയ്യുകയും, പുതുമയുള്ള വസ്തുതകളേ കണ്ടെത്തി മറ്റുള്ളവര്‍ക്കു കൂടി പ്രയോജനകരമാക്കുന്ന കഴിവിനെ സര്‍ഗാത്മക ചിന്ത എന്നുപറയുന്നു. നമ്മള്‍ സദാനേരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഓരോ വിഷയത്തിന്‍റെയും ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്യുവനുള്ള കഴിവിനെ ഗുണദോഷ യുക്തിവിചാരം എന്നുവിളിക്കുന്നു. കൗമാരക്കാരില്‍ ഉണ്ടാകുന്ന അമിതമായ ദേഷ്യം, നിരാശ, ഉത്കണ്ഠ, കാമാസക്തി, പ്രണയപരവശം തുടങ്ങിയ വികാരങ്ങളേ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശേഷിയെ വൈകാരിക നിയന്ത്രണ ശേഷി എന്നു വിശേഷിപ്പിക്കുന്നു. ജീവിത സമ്മര്‍ദങ്ങള്‍ നേരിട്ട് നിയന്ത്രിച്ച് അതുവഴി ശാരീരിക മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുവാനുള്ള സാമര്‍ത്ഥ്യത്തെ സമര്‍ദ്ദനിയന്ത്രണ ശേഷി എന്നും പറയുന്നു
മോട്ടിവേഷന്‍ സ്പീക്കറുടെ പേരില്‍ ചുമ്മാ കഥകളും പ്രഭാഷണങ്ങളും നടത്തിയതു കൊണ്ടുമാത്രം കൗമാരക്കാരെ സ്വാധീനിക്കാന്‍ കഴിയില്ല. നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ കുട്ടികളെക്കൊണ്ട് തന്നെ വിലയിരുത്തിക്കുകയും അവരെകൊണ്ട് ആ സന്ദര്‍ഭം അഭിനയിപ്പിക്കുന്ന മാത്യകകള്‍(റോള്‍ പ്ലേ), പ്രധാനപ്പെട്ട വിഷയങ്ങളെ സംവാദത്തിന്(ഡിബേറ്റ്) വിധേയമാക്കുന്നരീതി എന്നിവയാണ് ഏറ്റവും അനുയോജ്യം. വിവിധ വിഷയങ്ങളെ കുറിച്ച് പരസ്പരം ചര്‍ച്ച നടത്താനുതുകുന്ന ഗ്രൂപ്പ് ഡിസ്ക്കഷനും ഗുണദോഷ വശങ്ങളെ കുറിച്ചാലോചിക്കാനുള്ള പ്രേരണ ഉണര്‍ത്തുന്നതാണ്. ഇതിനു പുറമെ പരിശീലകന് ക്ഷമയും, വസ്തുതകളെ യുക്തിപൂര്‍വ്വം നേരിടാനും, അവതരിപ്പിക്കാനുമുള്ള വൈഭവവും ഉണ്ടായിരിക്കണം. ഇത്തരം പരിശീലന ക്ലാസില്‍ വെച്ച് ശരീര വളര്‍ച്ചയും ലൈംഗീക വളര്‍ച്ചയും ശാസ്ത്രത്തിലധിഷ്ടതമായി പ്രതിപാദിക്കേണ്ട ധാര്‍മ്മികതയും പരിശീലകനുണ്ട്. ജീവിത നൈപുണ്യ പരിശീലനം സിദ്ധിച്ച വിദ്ദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരിവസ്തുകളുടെ ദുരുപയോഗം, വിഷാദരോഗം, നിരാശ, കുറ്റക്യത്യവാസന, ദേഷ്യപ്രക്യതം, ശ്രദ്ധക്കുറവ്, ലൈംഗീക പരീക്ഷണങ്ങള്‍, ആത്മ വിശ്വാസകുറവ്, പഠന വൈകല്യങ്ങള്‍ എന്നിവ കുറവായിരിക്കുമെന്ന് മാത്രമല്ല കൗമാരപ്രായക്കാരെ നേരായ വഴിയിലൂടെ നടത്താനും സാധിക്കും. അഥവ തത് സന്ദര്‍ഭത്തില്‍ സ്വാധീനിക്കാന്‍ സാധിച്ചാലും അത് തികച്ചും നൈമിഷികം മാത്രമാണ്
© Copyright 2020. All Rights Reserved.